മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചിത്രം ഇന്നു തെളിയും. തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ട് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
സഞ്ജു തരംഗം
നിലവിലെ ചാന്പ്യന്മാർ എന്ന ബ്രാൻഡിലിറങ്ങിയ ഇന്ത്യയെ ടോപ്പ് ഓർഡർ ബാറ്റർമാരുടെ താളമില്ലായ്മ വലച്ചു. ഇതോടെ സൂപ്പർ എട്ട് ശക്തരുടെ പോരാട്ടത്തിൽ കിതച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വൻ തോൽവി പുറത്തേക്ക് വഴി തുറക്കുമെന്ന ഘട്ടത്തിലാക്കി. തുടർന്ന് സിംബാബ്വെയ്ക്കെതിരേ തകർപ്പൻ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി സെമിയിൽ. ഓപ്പണറായി സഞ്ജു സാംസണിന്റെ വരവ് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്തായി.
വെസ്റ്റ് ഇൻഡീസിന് എതിരേ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചത് സഞ്ജുവായിരുന്നു. ഇതോടെ ടൂർണമെന്റിൽ ആദ്യമായി ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചു. അഭിഷേകിനെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നുണ്ടെങ്കിലും ടോപ്പ് ഓർഡറിൽ സഞ്ജു ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന ട്വന്റി-20ലാണ് ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഉയർന്ന വ്യക്തിഗത സ്കോർ നേടി താരമായ അഭിഷേകിന്റെ ശക്തമായ മടങ്ങിവരവിന് വാങ്കഡെ സാക്ഷ്യം വഹിച്ചാൽ ഇന്ത്യ കുതിക്കും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കെല്ലാം ജോഫ്ര ആർച്ചറും സ്പിന്നർമാരായ ആദിൽ റാഷിദും ലിയാം ഡൗസണും ഉൾപ്പെടുന്ന ഇംഗ്ലീഷ് പരീക്ഷയെ മറികടക്കാൻ കരുത്തുണ്ട്.
ബുംറ അറ്റാക്ക്
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനും സംഘത്തിനും കടിഞ്ഞാണിടാൻ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കും. അർഷദീപ് സിംഗ് വിക്കറ്റ് ടേക്കിംഗ് ബൗളിംഗ് പുറത്തെടുക്കുകയും ഹാർദിക് പാണ്ഡ്യ മികവ് പുലർത്തുകയും ചെയ്താൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര വലയും. വരുണ്‍ ചക്രവർത്തി മധ്യനിരയിൽ പിടിമുറുക്കുന്നതോടെ ഇംഗ്ലണ്ടിനു കാര്യങ്ങൾ കടുപ്പമാകും. ബ്രൂക്കും വിൽ ജാക്സും റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ജോസ് ബട്ലർ ഫോം വീണ്ടെടുത്തിട്ടില്ലെന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടങ്ങളിലെ സ്ഥിരം എതിരാളികളാണ് ഇന്ത്യയും ഇംഗ്ലണ്ടും. മൂന്നാം സെമിഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ട് വിജയിച്ചു. 2024ൽ മറുപടി നൽകി ഇന്ത്യ ജയം പിടിച്ചു. ഇംഗ്ലണ്ടിനെതിരേ നടന്ന അവസാന അഞ്ച് ട്വന്റി-20 മത്സരത്തിൽ നാലിലും ജയം ഇന്ത്യക്കായിരുന്നു.